Tuesday, June 28, 2011

സ്ത്രീ സ്വാതന്ത്ര്യവും കപടസദാചാരവും.

സമൂഹം പേറിനടക്കുന്ന സദാചാര സംഹിതകളുടെ സ്ത്രീവിരുദ്ധത അടുത്ത കാലത്തായി നിരന്തരം തുറന്നു കാട്ടപ്പെടുന്നുണ്ട്. പുരുഷന് ഒരു നിലക്കും ബാധകമല്ലാത്ത തരത്തില്‍ സദാചാര നിയമങ്ങള്‍ സ്ത്രീകളെ അടിച്ചമര്‍ത്താനായി പുരുഷാധിപത്യ സമൂഹവും പൗരോഹിത്യവും നിരന്തരം ദുരുപയോഗം ചെയ്തുവരുന്നുണ്ട്. ദുരുപയോഗം എന്ന പദം മനപ്പൂര്‍വമാണ് ഇവിടെ ഉപയോഗിച്ചത്. കാരണം, ഈ സദാചാര സംഹിതകള്‍ക്ക് രൂപം നല്‍കിയത് പൗരോഹിത്യമോ പുരുഷന്‍മാര്‍ മാത്രമോ അല്ല. മനുഷ്യരാശിയുടെ തുടക്കം മുതല്‍ സാംസ്‌കാരികവും നാഗരികവുമായ വികാസത്തിനനുസൃതമായിട്ടാണ് സദാചാര സംഹിതകളും വികാസം പ്രാപിച്ചിട്ടുള്ളത്. അവയുടെ ഉറവിടങ്ങള്‍ മുഖ്യമായും മതങ്ങളാണ്. സമൂഹത്തിന്റെ അടിസ്ഥാന ഘടനയായ കുടുംബത്തിന്റെ മേലാണ് സാമൂഹികമായ സദാചാര നിയമങ്ങള്‍ കെട്ടിപ്പടുത്തിരിക്കുന്നത്. എന്നാല്‍, പുരുഷാധിപത്യ സമൂഹങ്ങളില്‍ ഈ സദാചാര നിയമങ്ങള്‍ അതിന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കപ്പെടുന്നു.
എന്നാല്‍, യൂറോപ്യന്‍ നവോഥാനത്തെ തുടര്‍ന്നുണ്ടായ മതേതര ആധുനികതയുടെ ഫലമായി, ലിബറലിസം കടന്നു വരികയും, വ്യക്തിയുടെ മേലുള്ള സമൂഹത്തിന്റെ നിയന്ത്രണം ഒഴിവാക്കേണ്ടതാണ് എന്ന ആശയം ശക്തമായി പ്രചരിക്കപ്പെടുകയും ചെയ്തു. മൂലധനത്തിന്റെ സഞ്ചാരത്തിനു മേല്‍ സ്റ്റേറ്റ് പിടിമുറുക്കുന്നതിനെതിരായ ആശയസമരത്തിന് സമാന്തരമായിത്തന്നെയാണ് ഈ വാദഗതിയും ശക്തിപ്രാപിച്ചത്. ഇതിന്റെ ആദ്യ ലക്ഷ്യം കുടുംബഘടന തകര്‍ക്കുക എന്നതായിരുന്നു. അതിന്റെ തകര്‍ച്ച, യൂറോപ്യന്‍-പാശ്ചാത്യന്‍ സമൂഹത്തെ എവിടെയെത്തി്ച്ചുവെന്നതും പഠനവിധേയമാക്കേണ്ട വിഷയമാണ്.
സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്രം, അവരുടെ സുരക്ഷിതത്വം എന്നിവ ഒരു സമൂഹത്തിന്റെ ഉന്നതമായ സാംസ്‌കാരിക വിതാനത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതു രണ്ടിലും പിന്നോക്കം നില്‍ക്കുന്ന സമൂഹങ്ങളെ സാംസ്‌കാരികമായി ജീര്‍ണമായ സമൂഹങ്ങളായി വിലയിരുത്തേണ്ടി വരും. അതേ സമയം മേല്‍ സൂചിപ്പിച്ച രണ്ടു കാര്യങ്ങളും ചില സമയങ്ങളില്‍ ഏറ്റുമുട്ടുമെന്ന് അടുത്ത ദിവസങ്ങളില്‍ വിവാദമായ തസ്‌നി ബാനു വിഷയം സൂചിപ്പിക്കുന്നു.
തസ്‌നി ബാനു ഒരു ഐ.ടി ജീവനക്കാരിയെന്ന നിലയില്‍ കേരളത്തില്‍ നിലവിലെ സാഹചര്യത്തില്‍ പൊതുവായി സ്ത്രീകള്‍ പുറത്തിറങ്ങാത്ത സമയങ്ങളില്‍ ജോലിക്ക് പോകാന്‍ നിര്‍ബന്ധിതയാണ്. ഈ സമയത്തെ അസമയം എന്ന് വിളിക്കുന്നത് സൈദ്ധാന്തികമായി ചോദ്യം ചെയ്യപ്പെടേണ്ട് ഒന്നല്ല. ആ ' അസമയത്ത്' സുരക്ഷിതമായി അവര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന സാഹചര്യം നിലനില്‍ക്കുമ്പോഴാണ് കേരളീയ സമൂഹം സംസ്‌കാര സമ്പന്നമാണ് എന്ന്് നമുക്ക് കരുതാന്‍ കഴിയുക. പക്ഷേ, അങ്ങനെ സുരക്ഷിതമായി ' അസമയത്ത് ' യാത്ര ചെയ്യാന്‍ കഴിയുന്ന ഒരു സാഹചര്യം കേരളത്തിലുണ്ട് എന്ന് കരുതുക പ്രയാസമാണ്. അതുകൊണ്ട് തന്നെ, തനിക്ക് പരിചയമുള്ള, അല്ലെങ്കില്‍ അടുപ്പമുള്ള ഒരാളോടൊപ്പം യാത്ര ചെയ്യുകയാകും സുരക്ഷിതം എന്ന് തീരുമാനിക്കാന്‍ തസ്‌നി ബാനു തീരുമാനിച്ചത് ബുദ്ധിപൂര്‍വം തന്നെയാണ്.
തസ്‌നി ബാനു ജോലി ചെയ്യുന്ന കൊച്ചിന്‍ സ്‌പെഷ്യല്‍ എക്കണോമിക് സോണിലേക്കുള്ള യഥാര്‍ഥ വഴിയില്‍ വെച്ചല്ല അവര്‍ പ്രദേശവാസികളാല്‍ ചോദ്യം ചെയ്യപ്പെട്ടത്. പക്ഷേ, അതുകൊണ്ട് മാത്രം അവരെ 'അപഥസഞ്ചാരിണി' എന്ന് മുദ്ര കുത്തുന്നതും യുക്തിസഹമല്ല. കാരണം, ശരിയായതും നേരെ ചൊവ്വെയുള്ളതുമായ ഒരു വഴിയിലൂടെ മാത്രമേ ഒരാള്‍ സഞ്ചരിക്കാവൂവെന്ന് വാശിപിടിക്കാന്‍ ഒരാള്‍ക്ക് നിയമപരമായി അവകാശമില്ല. എന്നാല്‍, തസ്‌നി ബാനുവിനെയും കൂടെയുള്ള ചെറുപ്പക്കാരനെയും ചോദ്യം ചെയ്തവര്‍ക്ക് അവരുടേതായ ന്യായങ്ങളുണ്ട്. കാരണം, എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് എന്ന , രാത്രി ഒമ്പത് മണി കഴിഞ്ഞാല്‍ വിജനമായ ഒരു പ്രദേശത്ത് ഒരു യുവാവിനെയും യുവതിയെയും കണ്ടാല്‍, അവരോട് കാര്യം തിരക്കുക പൗരബോധമുള്ള ഒരാളുടെ ചുമതലയാണെന്ന് അവര്‍ കരുതുന്നു. അത് സ്ത്രീയോ പുരുഷനോ എന്നുള്ള വിവേചനത്തിന്റെ കാര്യമല്ല. അത്തരം ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന ഒരാളുടെ വാദം സാമൂഹിക സുരക്ഷിതത്വത്തെ സംബന്ധിച്ചിടത്തോളം അപകടകരമാണെന്ന് പറയാം.
ഈയര്‍ത്ഥത്തില്‍, തസ്‌നി ബാനു സംഭവത്തില്‍ ഇത്രയധികം ഒച്ചപ്പാടുകള്‍ ഉണ്ടായത്, ശരിയായ അര്‍ഥത്തിലുള്ള സ്ത്രീപക്ഷ സംവാദങ്ങളാണ് എന്ന് കരുതുക വയ്യ. അടുത്തകാലത്തായി, സ്ത്രീകള്‍ക്കെതിരായ കായികമായ അക്രമങ്ങള്‍ക്കെതിരെ, കേരള സമൂഹത്തില്‍ ഉയര്‍ന്നുവന്നിട്ടുള്ള ഗുണപരമായ നിലപാടുകളുടെ അനര്‍ഹ ഗുണഭോക്താവാവുകയായിരുന്നു തസ്‌നി ബാനുവും അവരെ പിന്തുണച്ച ചില ഫെമിനിസ്റ്റുകളും. കൊച്ചിയിലും പ്രാന്ത പ്രദേശങ്ങളിലും പെണ്‍കുട്ടികള്‍ ( തസ്‌നി ബാനുവിന്റെ പ്രായം അവരെ പെണ്‍കുട്ടി എന്ന് വിശേഷിപ്പിക്കുന്നതിന് തടസ്സമാണ് എന്ന് കരുതുന്നില്ല. ) നിരന്തരം രാത്രികാലങ്ങളില്‍ ജോലിയാവശ്യാര്‍ഥവും അല്ലാതെയും യാത്ര ചെയ്തുകൊണ്ടിരിക്കുന്നുവെന്നിരിക്കെ, തികച്ചും, യാദൃഛികമായും സാന്ദര്‍ഭികവുമായുമുണ്ടായ ഒരു പ്രശ്‌നത്തെ, ഉയര്‍ത്തിപ്പിടിച്ച് സ്ത്രീവിരുദ്ധ സംഭവമായി ഉയര്‍ത്തിക്കാണിക്കുന്നത് സാമാന്യവല്‍ക്കരണമാണ്.
അതേസമയം, സ്ത്രീകള്‍ക്ക് സ്വതന്ത്രമായി രാത്രികാലങ്ങളില്‍ സഞ്ചരിക്കാനുള്ള സുരക്ഷിതത്വം ഇന്നും കേരളത്തില്‍ ലഭ്യമല്ലയെന്നത് നമ്മുടെ നാടിന്റെ ജീര്‍ണമായ സാംസ്‌കാരികാവസ്ഥയെ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഇതില്‍, കേരളീയ സമൂഹത്തിന്റെ ഗോപ്യമായ പുരുഷാധിപത്യ മനോഭാവവും കാപട്യവും ഒരു കാരണമാണ്. ഇതിനെ ചെറുക്കേണ്ടത് സ്ത്രീകളും പുരുഷന്‍മാരും ഒത്തുചേര്‍ന്നാണ്. ഈ പുരുഷാധിപത്യ മനോഭാവത്തെ നിലനിര്‍ത്തുന്നതില്‍ സ്ത്രീകള്‍ക്കും വലിയ തോതില്‍ പങ്കുണ്ട്. ദുര്‍ബലവിഭാഗം എന്ന നിലയില്‍ സ്ത്രീകളുടെ പദവിയുയര്‍ത്താനുള്ള ശ്രമം തുടരേണ്ടത് ഫെമിനിസ്റ്റുകള്‍ മാത്രമല്ല. പുരുഷാധിപത്യത്തിനുള്ള മറുമരുന്ന് ഫ്രീസെക്‌സ് ആണെന്ന വാദവും അപക്വമാണ്. കപടസദാചാരത്തിന് മറുമരുന്ന് യഥാര്‍ത്ഥ സദാചാരമാണ്, അല്ലാതെ സദാചാര രാഹിത്യമല്ല. യഥാര്‍ത്ഥ സദാചാരം സ്ത്രീക്കും പുരുഷനും ഒരേപോലെ ബാധകവുമായിരിക്കണം.

No comments:

Post a Comment