സീന്‍ 1 പെരുമ്പാവൂരിലെ ഒരു പ്ലൈവുഡ് കമ്പനി. കാലം 1996-97..സ്ഥലത്തെ രണ്ട് പ്ലൈവുഡ് വ്യവസായികള്‍ തമ്മിലുള്ള സംസാരം..ആദ്യത്തെയാള്‍: നിന്റെ പൈസ ആ ഭായി എങ്ങനെയാടാ പറ്റിച്ചത്? അപരന്‍: ഒന്നും പറയണ്ട ചങ്ങാതി.. 25 രൂപക്ക് ചരക്ക് വാങ്ങി ഒരാള്‍ അത് റായ്പൂരില്‍ കൊണ്ടു പോയി 20 പൈസക്ക് വിറ്റാല്‍ നമുക്ക് അവന്‍ എങ്ങനെയാ കാശ് തരിക? ആദ്യത്തെയാള്‍: നീയെന്തിനാ അയാള്‍ക്ക് കടം കൊടുത്തത്?അപരന്‍: ഭായിമാര് നമ്മളെ പറ്റിക്കുമെന്ന് കരുതിയില്ലിഷ്ടാ..
സീന്‍ 2 ദക്ഷിണ ഗുജറാത്തിലെ വാപി. കാലം 1997. ഗുജറാത്തിലെ തന്നെ ഏറ്റവും വലിയ കെമിക്കല്‍-ടെക്‌സ്‌റ്റൈല്‍ ഹബ്. മലയാളിയായ ശിവന്‍ ഭായിയുടെ ട്യൂബ് നിര്‍മാണ കമ്പനിയിലെ തറയില്‍ പരന്നു കിടക്കുന്ന കാര്‍ബണ്‍ പൊടി ചൂലുപയോഗിച്ച് വൃത്തിയാക്കുന്ന ബാബു ഭായി എന്ന ആദിവാസി. നര കയറിയ തലമുടിയും കലങ്ങിയ കണ്ണുകളും. എന്തോ ആലോചിച്ച് ഇടക്കിടെ ബീഡി ആഞ്ഞു വലിക്കുന്നു. എന്താണൊരു വിഷാദമെന്ന ചോദ്യത്തിന് പരുപരുത്ത ശബ്ദത്തില്‍ മറുപടി. എന്തു പറയാനാണ് സാബ്.. ഈ അടിച്ചു വാരുന്ന സ്ഥലത്തൊക്കെ ഞാന്‍ കരിമ്പ് കൃഷി ചെയ്തിട്ടുണ്ട്. നമ്മള്‍ ഈ നില്‍ക്കുന്ന ഭൂമി വാടകക്കെടുത്ത ട്രാക്ടര്‍ ഉപയോഗിച്ച് ഞാന്‍ എത്ര ഉഴുതു മറിച്ചിട്ടുണ്ടെന്നറിയാമോ? ഇന്ന് ഇവിടെ നിന്ന് പ്രതിമാസം കിട്ടുന്ന 1200 രൂപ മാത്രമാണ് എന്റെ വരുമാനം. സങ്കടം വരുമ്പോള്‍ വീട്ടില്‍ തന്നെ വാറ്റുന്ന ചാരായം അകത്താക്കി കിടന്നുറങ്ങും. അല്ലാതെന്തു ചെയ്യാന്‍..
കേരളത്തില്‍ വ്യവസായങ്ങളൊന്നും വരില്ല. കാരണം, ഇവിടെ എന്നും ഹര്‍ത്താലാണ്. തൊഴിലാളി യൂനിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും വ്യവസായ വിരുദ്ധരാണ്. കേരളത്തിലെ യുവാക്കള്‍ക്ക് ഇവിടെ ജോലി ലഭിക്കാത്തതിനാല്‍ പുറം നാടുകളില്‍ ജോലി തേടി പോവേണ്ടി വരുന്നു. യൂനിയനുകളും രാഷ്ട്രീയ പാര്‍ട്ടികളും(ഇടത് പാര്‍ട്ടികളെന്ന് വ്യംഗ്യം) ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു തുടങ്ങിയെങ്കിലും ജനകീയ സമരസമിതികള്‍ എന്ന പുതിയ ഒരു വിഭാഗം വ്യവസായ വിരുദ്ധരായി രംഗത്ത് വന്നിരിക്കുന്നു. വ്യവസായം വരാതെ ഈ നാട് രക്ഷപ്പെടില്ല.
എഴുപത്തൊമ്പതില്‍ ജനിച്ച് ഈ കേരളത്തില്‍ ജീവിച്ചുപോരുന്ന ഞാന്‍ നിരന്തരം കേട്ടു പോരുന്ന ക്ലീഷേയാണിത്. പക്ഷേ, ഇതിനിടയിലും ഈസ്റ്റേണ്‍, വി-ഗാര്‍ഡ്, തുടങ്ങിയ ബ്രാന്റുകള്‍ ഇന്ത്യയിലെ ഒന്നാം നമ്പറായി മാറിക്കഴിഞ്ഞു. ഈ രണ്ട് ബ്രാന്റുകളും എന്റെ ചെറുപ്പത്തില്‍ തീരെ ചെറുതായിരുന്നു. പക്ഷേ, ഇന്ന് അവ വലിയ ടേണോവറുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാണ്. വരവേല്‍പ്പ്, അറബിക്കഥ തുടങ്ങിയ വികസന വാദ സിനിമകള്‍ കാണുമ്പോഴും ഈ രണ്ട് ബ്രാന്റുകളും എന്നെ ആശയക്കുഴപ്പത്തിലാക്കി. മേല്‍പറഞ്ഞ തടസ്സങ്ങളൊന്നും കൂടാതെ ഇവ വളര്‍ന്ന് വലുതായത് എങ്ങനെയാണ് എന്ന് നിരന്തരം ചിന്തിക്കാറുണ്ട്. കേരളത്തില്‍ നിര്‍മിക്കുകയും ഇന്ത്യയൊട്ടാകെ ഉപയോഗിക്കുകയും ചെയ്യുന്ന വേറെയും ബ്രാന്റുകളുണ്ട്. ഇവ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ്ിന്റെ കാര്യം. എറണാകുളം ജില്ലയിലെ എടയാറില്‍ സ്വകാര്യ-പൊതുമേഖലകളിലായി നിരവധി കെമിക്കല്‍ കമ്പനികളുണ്ട്. കീടനാശിനി മുതല്‍ പെയിന്റുല്‍പ്പന്നങ്ങള്‍ക്കുളള അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍വരെ അവിടെ നിര്‍മിക്കുന്നു. ഐ.ടി രംഗത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങള്‍ക്കൊപ്പം കിടപിടിക്കുന്ന ഇന്‍ഫോ പാര്‍ക്കും ടെക്‌നോപാര്‍ക്കുമുണ്ട്. പക്ഷേ എന്നിട്ടും മലയാളി യുവാക്കള്‍ അന്യനാടുകളിലേക്ക് ചേക്കേറുന്നതിന്റെ കാരണമെന്താണ്? മറ്റൊന്നുമല്ല, ഇവിടെ അഭ്യസ്ത വിദ്യരുടെ ജനസംഖ്യ കൂടുതലാണ്. അഭ്യസ്തവിദ്യരെന്നു വെച്ചാല്‍, സാങ്കേതിക വിദ്യാഭ്യാസം നേടിയവരുടെ എണ്ണം. എന്‍ജിനീയര്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഐ.ടി വിദഗ്ധര്‍, ലിഫ്റ്റ് ടെക്‌നോളജി, വെല്‍ഡിംഗ്, എയര്‍ കണ്ടീഷനിംഗ് ടെക്‌നീഷ്യന്‍മാര്‍, ഓട്ടോമൊബൈല്‍ മെക്കാനിക്കുകള്‍, എം.ബി.എക്കാര്‍ തുടങ്ങിയവര്‍ കൂടുതലാണ്. ഒരു കൊല്ലം കേരളത്തിലുല്‍പ്പാദിപ്പിക്കപ്പെ
ടുന്ന ദന്ത ഡോക്ടര്‍മാരുടെ എണ്ണവും മലയാളികളുടെ ആകെ മൊത്തം വായിലുള്ള പല്ലുകളുടെ എണ്ണവും തമ്മിലുളള അനുപാതം നമ്മെ അമ്പരിപ്പിക്കും. അങ്ങനെ ചിന്തിക്കുമ്പോള്‍ കുറെയാളുകള്‍ മറ്റ് രാജ്യങ്ങളിലോ സംസ്ഥാനങ്ങളിലോ ജോലി ചെയ്‌തേ പറ്റൂ.
പക്ഷേ, കുറെക്കൂടി വ്യവസായങ്ങള്‍ വന്നാല്‍, കുറെയധികം പേര്‍ക്ക് ഇവിടെ ജോലി ലഭിക്കില്ലേ? തീര്‍ച്ചയായും ലഭിക്കും. പക്ഷേ, എന്തു തരം വ്യവസായങ്ങളാണ് വരേണ്ടത്? നിലവിലുളള പാറ്റേണനുസരിച്ചാണെങ്കില്‍ കേരളത്തില്‍ കൂടുതലാളുകള്‍ പഠിക്കുന്നത് നഴ്‌സിംഗ്, എന്‍ജിനീയറിംഗ്, എം.ബി.എ തുടങ്ങിയവക്കാണ്. അപ്പോള്‍, കൂടുതല്‍ ആശുപത്രികള്‍ തുടങ്ങി നഴ്‌സുമാരെ അമേരിക്കയിലേക്കും ഗള്‍ഫ് നാടുകളിലേക്കുമയക്കാതെ ഇവിടെത്തന്നെ ജോലി നല്‍കാമെന്നു വെച്ചാല്‍ നടക്കില്ല. കാരണം, നിലവിലിവിടെയുള്ളവര്‍ക്ക് തന്നെ നേരെ ചൊവ്വേ ശമ്പളം കൊടുക്കുന്നില്ല. ഗള്‍ഫിലും അമേരിക്കയിലുമൊക്കെ ബി.എസ്.സി നഴ്‌സുമാര്‍ക്കേ അവസരമുള്ളൂ. അതും ഐ.ഇ.എല്‍.ടി.എസ്സ് കഴിഞ്ഞവര്‍ക്ക്. ജനറല്‍ നഴ്‌സിംഗ് ആന്റ് മിഡ്‌വൈഫറി എന്ന പേരിലുള്ള കോഴ്‌സ് ചെയ്യുന്നവര്‍ ഇനി നാട്ടിലോ മറുനാട്ടിലോ മാത്രം ജോലി ചെയ്യേണ്ടി വരും. വിദേശത്ത് നഴ്‌സുമാരുടെ അവസരങ്ങളും കുറഞ്ഞു തുടങ്ങിയതിന്റെ സൂചനയാണ് ഇപ്പോള്‍ നഴ്‌സുമാരുടെ സമരം കത്തിപ്പടരുന്നത്.
എന്‍ജിനീയര്‍മാരുടെ കാര്യവും ഇതു തന്നെ. മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, കെമിക്കല്‍ എന്‍ജിനീയറിംഗ്, കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ്,സിവില്‍ എന്‍ജിനീയറിംഗ് എന്നു തുടങ്ങി വകഭേദങ്ങളേറെയുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗവും വിദേശ ജോലി ആഗ്രഹിച്ചു തന്നെയാണ് ഇതൊക്കെ പഠിക്കുന്നത് തന്നെ. കേരളത്തിന്റെ ആകെ മൊത്തം ആഭ്യന്തര വരുമാനത്തിന്റെ കാല്‍ ഭാഗവും ഈ വിദേശ മലയാളികള്‍ നാട്ടിലേക്കയക്കുന്ന പൈസയാണെന്ന് എക്കണോമിക്‌സ് അറിയാവുന്നവര്‍ പറയുന്നു. ഈയാളുകളെയൊക്കെ ഇന്ത്യയിലെത്തിച്ച് അവര്‍ ആ നാടുകളില്‍ ചെലവഴിക്കുന്ന പണവും ഇവിടെത്തന്നെ വിനിയോഗിച്ചാല്‍ നല്ലതല്ലേയെന്ന ചിന്ത തെറ്റല്ല. മാത്രമല്ല, നാട്ടില്‍ത്തന്നെ, മറുനാട്ടില്‍ ലഭിക്കുന്ന ശമ്പളം ലഭിച്ചാല്‍ ആരാണ് വേണ്ടെന്ന് വെക്കുക?
കേരളത്തില്‍ എന്തുകൊണ്ടാണ് വ്യവസായങ്ങള്‍ മറ്റു ചില സംസ്ഥാനങ്ങളിലേതു പോലെ വ്യാപിക്കുന്നില്ല? കാരണം ലളിതമാണ്. കേരളത്തില്‍ വ്യവസായം തുടങ്ങാനുളള ഭൂമിയില്ല എന്നതു തന്നെയാണ് കാരണം. . ഇന്ത്യയില്‍ ഏറ്റവും ജനസാന്ദ്ര കൂടിയ സംസ്ഥാനത്ത് വരാവുന്നതിന്റെ പരമാവധി വ്യവസായങ്ങള്‍ വന്നുകഴിഞ്ഞു എന്ന് പറായന്‍ കഴിയില്ലെങ്കിലും. കേരളത്തില്‍ ആദ്യകാലത്ത് വ്യവസായങ്ങളാകര്‍ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ ഭൂമി നല്‍കിയിരുന്നു. മാവൂരിലെ ഗ്വാളിയോര്‍ റയോണ്‍സ്, പെരുമ്പാവൂരിലെ ട്രാവന്‍കൂര്‍ റയോണ്‍സ്, തുടങ്ങിയ ഉദാഹരണങ്ങള്‍ ധാരാളം. ജനസാന്ദ്രത കുറഞ്ഞ ആന്ധ്ര, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങള്‍ ധാരാളമായി ഭൂമി ഏറ്റെടുത്തു നല്‍കിയതുകൊണ്ട് അവിടെ വ്യാവസായങ്ങള്‍ കൂണു പോലെ മുളച്ചു പൊങ്ങി. ഗുജറാത്തിലാകട്ടെ, 90 കള്‍ മുതല്‍ മുളച്ചു പൊന്തിയ വ്യവസായ സ്ഥാപനങ്ങള്‍ പലതും ദലിതരുടെയും ബാബു ഭായിയെപ്പോലുളള ആദിവാസികളുടെയും ഭൂമിയിലാണ്. കേരളത്തിലെപ്പോലെ റവന്യു വകുപ്പ് ഭൂമി ഏറ്റെടുക്കുകയും പിന്നീട് പൊന്നും വില നല്‍കുകയും ചെയ്യുന്ന ഏര്‍പ്പാടൊന്നും അവിടെയില്ല. അവിടെ ദുര്‍ബലവിഭാഗങ്ങളുടെ ഭൂമി കവര്‍ന്നെടുക്കുകയാണ്. അങ്ങനെ സ്വന്തം ഭൂമിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ആദിവാസികളും ദലിതരും പിന്നീടെത്തിപ്പെട്ടത് നിര്‍മാണ മേഖലയിലാണ്. പുലര്‍ച്ചെ കൊടുംതണുപ്പില്‍ ലോറിയില്‍ കയറി കെട്ടിടം പണിക്കു പോകുന്ന ആദിവാസികള്‍ ഗുജറാത്തിലെ നിത്യകാഴ്ചയാണ്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പരിസ്ഥിതി പ്രവര്‍ത്തകര്‍, ഭൂമി ഏറ്റെടുത്താല്‍ നഷ്ടപരിഹാരം, തുടങ്ങിയ ഏടാകൂടങ്ങളൊന്നുമില്ലാത്ത ഗുജറാത്തില്‍ വ്യവസായം വളര്‍ന്നില്ലെങ്കിലേ അല്‍ഭുതമുള്ളൂ. കേശുഭായി പട്ടേലിന്റെ കാലത്ത് ദക്ഷിണഗുജറാത്തിലെ ഉമര്‍ഗാവില്‍ തുറമുഖം നിര്‍മിക്കാന്‍ വേണ്ടി മുക്കുവരുടെ ഭൂമി ഏറ്റെടുക്കാന്‍ നടത്തിയ ശ്രമത്തിനെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കിയ ഒരു വിമുക്ത ഭടനെ പോലീസ് വെടിവെച്ചു കൊല്ലുകയായിരുന്നു. അതാണ് അന്നാട്ടിലെ നടപ്പു രീതി.
സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും മോഡി വീണ്ടും നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വേണ്ടി കൊണ്ടുപിടിച്ച ശ്രമത്തിലാണ്. വൈബ്രന്റ് ഗുജറാത്ത് എന്നാണ് മോഡി അതിന് പേരിട്ടത്. അതേ മാതൃകയില്‍ നമ്മുടെ ഉമ്മന്‍ചാണ്ടി-കുഞ്ഞാലിക്കുട്ടി
-കെ.സി ജോസഫ് ത്രയം എമര്‍ജിംഗ് കേരള എന്ന പേരില്‍ കേരളത്തിലും നടത്താന്‍ പോകുന്നു ഇതേ മാമാങ്കം. മേളയില്‍ അവതരിപ്പിക്കുന്ന പദ്ധതികളിലേറെയും ടൂറിസം രംഗത്താണ്. വ്യവസായം സാമാന്യമായി ഉല്‍പ്പാദനരംഗവുമായി ബന്ധപ്പെട്ട പദമാണെങ്കിലും ഇവിടെ ടൂറിസം വ്യവസായമായിട്ടാണ് പരിഗണിക്കപ്പെടുന്നത്. കൃഷി പോലും അഗ്രി ഇന്‍ഡസ്്ട്രിയായി മാറിക്കൊണ്ടിരിക്കെ അതൊക്കെ മറക്കാം. ടൂറിസം രംഗത്ത് എന്താണ് ഉല്‍പ്പാദിപ്പിക്കന്നത്? കേരളത്തിലെ ഏറ്റ്രവും വലിയ ടൂറിസം കേന്ദ്രമായ മൂന്നാറില്‍ ഉല്‍പ്പാദിപ്പിക്കുന്നത് തണുപ്പ് തേടിയെത്തുന്നവര്‍ക്ക് ചെറിയ ചൂടാണ്. ബാറുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി റദ്ദാക്കിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടിയത് അത് ടൂറിസത്തെ ബാധിക്കുമെന്നാണ്. ശേഷം ചിന്ത്യം. ടൂറിസം രംഗത്തെ ഉല്‍പ്പാദനത്തിന് സര്‍ക്കാര്‍ ദീര്‍ഘകാല പാട്ടത്തിന് ഭൂമി നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതാണ് എമര്‍ജിംഗ് കേരള. കോഴിക്കോട്ടെ മോണോ റെയില്‍ പദ്ധതി മുതല്‍ കടലിലും കായലിലും ചെറിയ എയര്‍ സ്്ട്രിപ്പിലുമൊക്കെ വിമാനമിറക്കാന്‍ കഴിയുന്ന ചെറുകിട വിമാന സര്‍വീസ് വരെയുണ്ട് പശ്ചാത്തല മേഖലയില്‍. മെഗാ പ്രൊജക്ടായി പ്രഖ്യാപിച്ചിട്ടുള്ളതില്‍ ടൈറ്റാനിയം സ്‌പോഞ്ച് ഫാക്ടറി മാത്രമാണ് വ്യവസായം എന്നു പറയാവുന്നത്.
യഥാര്‍ത്ഥത്തില്‍, ഇന്‍ഫ്രാ സ്ട്രക്ചര്‍ വികസനം എന്ന പേരില്‍ പശ്ചാത്തല മേഖലയും ടൂറിസം എന്ന പേരില്‍ സേവന മേഖലയും മറയാക്കി പൊതു ഭൂമി പാട്ടത്തിന് നല്‍കുന്ന ഏര്‍പ്പാടാണ് നടക്കാന്‍ പോകുന്നത്. ഭൂമി ആവശ്യമുള്ളവര്‍ക്ക് ഏറ്റെടുത്തു നല്‍കാന്‍ ഇന്‍കെല്‍ എന്ന പേരില്‍ സര്‍ക്കാര്‍ പങ്കാളിത്തമുള്ള റിയല്‍ എസ്‌റ്റേറ്റ് കമ്പനിയുമുണ്ട്.
യഥാര്‍ത്ഥത്തില്‍, കേരളത്തില്‍ ഉല്‍പ്പാദന മേഖല വളരേണ്ടതുണ്ട്. ഇവിടെ ഭക്ഷ്യോല്‍പ്പാദനവും വ്യാവസായികോല്‍പ്പാദനവും നടക്കേണ്ടതുണ്ട്. നമ്മള്‍ ഉപയോഗിക്കുന്ന വസ്തുക്കളുടെ കാല്‍ഭാഗമെങ്കിലും നാം ഇവിടെത്തന്നെ ഉല്‍പ്പാദിപ്പിച്ചാല്‍ മാത്രമേ കേരളത്തിന്റെ പൊളിറ്റിക്കല്‍ എക്കോണമി സുരക്ഷിതമാവുകയുള്ളൂ. അതിന് കൃഷി ചെയ്യാന്‍ സന്നദ്ധരായവര്‍ അഗ്രിക്കള്‍ച്ചര്‍ സയന്‍സ് പഠിക്കുകയും കന്നുകാലി വളര്‍ത്താന്‍ തയ്യാറായവര്‍ അനിമല്‍ ഹസ്ബന്ററി പഠിക്കുകയും വേണം. സ്‌പെഷ്യല്‍ എക്കണോമിക് സോണുകള്‍ക്ക് പകരം കൃഷിക്ക് മാത്രമായി കുറച്ചു ഭൂമി നോട്ടിഫൈ ചെയ്യണം. ഇവിടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കാര്‍ഷികോല്‍പ്പന്നങ്ങളെ ആധാരമാക്കിയുളഌമൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കണം. അല്ലാതെ ഈ കാട്ടിക്കൂട്ടുന്നതൊക്കെ വി.എം സുധീരന്‍ പറഞ്ഞ പോലെ എമര്‍ജിംഗ് മാഫിയ മാത്രമാണെന്ന് കേരള സമൂഹം തിരിച്ചറിയണം.
കൃഷിയും വ്യവസായവും ഒരുപോലെ വളര്‍ന്നാല്‍ മാത്രമേ ഒരു സാമ്പത്തിക വ്യവസ്ഥ സുസ്ഥിരമാവൂ. നമ്മുടെ നാട്ടില്‍ മാത്രം ലഭ്യമായ വിഭവങ്ങളെ മൂല്യവര്‍ധിതമാക്കി കയറ്റുമതി ചെയ്യുമ്പോഴാണ് വിദേശ നാണ്യം ലഭിക്കുകയുള്ളൂ. അല്ലാതെ, കുറഞ്ഞ വേതനം ലക്ഷ്യമിട്ട് മികച്ച മാനവിക വിഭവശേഷി ഉപയോഗപ്പെടുത്താനെത്തുന്ന വിദേശ കമ്പനികള്‍ക്ക് സെസ് നിയമത്തിന്റെ പേരില്‍ ഭൂമിയും നികുതിയിളവും നല്‍കിയല്ല. ടൂറിസവും ഇന്‍ഫ്രാസ്ട്രക്ചറും യഥാര്‍ത്ഥത്തില്‍ ഉല്‍പ്പാദനപരമായി വ്യവസായങ്ങളല്ല. അതെല്ലാം, വ്യവസായത്തെ ശക്തപ്പെടുത്തുന്ന സേവന പശ്ചാത്തല മേഖലകളാണ്.
നമ്മുടെ നാട്ടില്‍ നിലവിലുള്ള വ്യവസായങ്ങളെ സര്‍ക്കാര്‍ എത്ര മാത്രം പ്രോല്‍സാഹിപ്പിക്കുന്നു എന്നറിയാന്‍ പെരുമ്പാവൂരിലെ തടിവ്യവസായ മേഖലയിലൊന്നു കണ്ണോടിച്ചാല്‍ മതി. ഒരു സര്‍ക്കാര്‍ വ്യവസായ പാര്‍ക്ക് പോലുമില്ലാതെയാണ് ആയിരക്കണക്കിന് പ്ലൈവുഡ് കമ്പനികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഉത്തരേന്ത്യയിലേക്കും ഗള്‍ഫിലേക്കും ഇവിടെ നിന്ന് പ്ലൈവുഡ് കയറ്റുമതി ചെയ്യുന്നു. നമ്മുടെ നാട്ടില്‍ മാത്രം ലഭ്യമായ റബര്‍ തടിയാണ് ഈ വ്യവസായത്തിലെ അസംസ്‌കൃത വസ്തു. ഇവിടെ ഉല്‍പ്പാദിപ്പിക്കുന്ന റബര്‍ നമ്മള്‍ എത്രമാത്രം മൂല്യവര്‍ധിതമായി ഉപയോഗിക്കുന്നുണ്ട്? പൈനാപ്പിളിന്റെയും മറ്റും കഥയും തഥൈവ. ടൂറിസവും ഇന്‍ഫ്രാസ്ട്രക്ചറും ചേര്‍ന്ന് സൃഷ്ടിച്ച റിയല്‍ എസ്റ്റേറ്റ് കെണിയിലാണ് നമ്മുടെ കൃഷിയും വ്യവസായവും തളര്‍ന്നതെന്ന് തിരിച്ചറിയുകയാണ് എമര്‍ജിംഗ് കേരളക്കാര്‍ ചെയ്യേണ്ടത്.




