മന്മോഹന്റെ പറ്റുബുക്ക്.. ഇന്ന് റൊക്കം..
ഒന്നുകില്‍ കളരിക്ക് പുറത്ത്, അല്ലെങ്കില്‍ ആശാന്റെ നെഞ്ചത്ത്- ഭരണകൂടത്തിന്റെ നിലപാടുകള്‍ വിശദമാക്കാന്‍ ശരാശരി ഇന്ത്യക്കാരന് ഇത്രമാത്രം ഉചിതമായ മറ്റൊരു ചൊല്ലില്ല. അടിസ്ഥാന ആവശ്യങ്ങളുടെയും സേവനത്തിന്റെയും കാര്യമെടുത്താല്‍, കെടുകാര്യസ്ഥതയും അനാസ്ഥയും കൊണ്ട് ആദ്യം ജനങ്ങളെ പൊറുതി മുട്ടിക്കുക, പിന്നീട്, മെല്ലെ മെല്ലെ വിട്ടു നില്ക്കുക, എന്നിട്ട് കാര്യക്ഷമതയുടെ പേരില്‍ ആ മേഖല സ്വകാര്യ-വിദേശ കുത്തകകള്‍ക്ക് തീറെഴുതുക. ചില്ലറ വ്യാപാര മേഖലയില്‍ 51 ശതമാനം വിദേശ നിക്ഷേപമനുവദിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം കോടിക്കണക്കിന് ചില്ലറ വ്യാപാരികളുടെ ചങ്കത്തടിക്കുന്ന നടപടി മാത്രമല്ല, നമ്മുടെ സമ്പദ് ഘടനയുടെ നട്ടെല്ലൊടിക്കുന്ന കൊടും ചതി കൂടിയാണ്.
കൃഷിയും അനുബന്ധ ജോലികളും കൊണ്ട് ദാരിദ്ര്യം കൂടാതെ ജീവിക്കാനാവശ്യമായ ഇരുപത്തഞ്ചു രൂപ(കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ഗ്രാമ പ്രദേശങ്ങളില്‍ അതാണ് ദാരിദ്ര്യ രേഖയുടെ മാനദണ്ഡം!!!!)സമ്പാദിക്കുന്നവരാ ണ് ഇന്ത്യന്‍ ജനസംഖ്യയില്‍ അറുപത് ശതമാനത്തിലധികവും. എണ്പതു ശതമാനമെന്ന കണക്ക് ഇന്ന് അത്ര കൃത്യമല്ല. കാരണം, പലരും കൃഷി വിട്ട് കെട്ടിട നിര്‍മാണരംഗത്തും മറ്റു നിര്മാണമേഖലകളിലേക്കും ചേക്കേറിക്കഴിഞ്ഞു. കൃഷികൊണ്ട് ഉപജീവനം നയിച്ചു പോന്നവര്‍ ഇന്ന് ഏത് നിലയിലാണെന്ന് വിദര്‍ഭയിലും വയനാട്ടിലും ആന്ധ്രപ്രദേശിലുമൊക്കെ ചെന്നാല്‍ കാണാന്‍ കഴിയും. വ്യവസായ മേഖലയുടെ ് വളര്‍ച്ച നാള്‍ക്ക് നാള് കീഴ്പ്പോട്ടാണ്. വ്യവസായ മേഖയില്‍ പണിയെടുക്കുന്നവരാകട്ടെ, 16.8 ശതമാനം മാത്രം. ഇരുപത്തഞ്ചു ശതമാനത്തിലധികം ആളുകള്‍ ജോലി ചെയ്യുന്ന സേവനമേഖലയിലാണ് ചെറുകിട വ്യാപാരിയുടെ സ്ഥാനം. അതായത്, ഇന്ത്യയിലെ നാലുകോടിയിലധികം ആളുകള്‍ ചില്ലറ വ്യാപാരം കൊണ്ട് ഉപജീവനം നടത്തുന്നു. ഇതില്‍, കട നടത്തുന്നയാള്‍ മുതല്‍ പൊതി കെട്ടുന്നവര്‍ വരെയുണ്ട്. കൃഷിയിലോ വ്യവസായത്തിലോ സ്ഥാനം ലഭിക്കാത്തവര്‍, നിവൃത്തികേട് കൊണ്ട് എത്തിപ്പെടുന്നതാണ് ചില്ലറ വ്യാപാര രംഗം എന്നും വ്യക്തമാണ്. കാരണം, ലോകത്ത് ജനസംഖ്യാനുപാതികമായി ഏറ്റവുമധികം ചില്ലറ വ്യാപാര സ്ഥാപനങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 1.25 കോടിയിലധികം ചില്ലറ വ്യാപാര സ്ഥാപനങ്ങളാണ് ഇന്ത്യയിലുള്ളത്. അതില്‍ 95 ശതമാനവും അഞ്ഞൂറു ചതുരശ്ര അടിയില്‍ താഴെ മാത്രം വിസ്തീര്‍ണമുള്ള തുക്കടാ കടകളാണ്. ആയിരം പേര്‍ക്ക് 11 കടകളാണ് ഇന്ത്യയിലുള്ളത്. ഇതു തന്നെയാണ് ഇന്ത്യന്‍ ചെറുകിട മേഖല നേരിടുന്ന പ്രതിസന്ധിയും. ഇത്രമാത്രം പൂരിതമായ സാഹചര്യത്തില്‍, ഗുണനിലവാരം, കച്ചവടം വിപുലീകരിക്കാനാവശ്യമായ മൂലധന സമാഹരണം, ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ആരോഗ്യകരമായ വിതരണം എന്നിവ അസാധ്യമാകുന്നു. ഇവിടെയാണ്, ആഗോള റീട്ടെയില്‍ കുത്തകകള്‍ ചിറകു വിരിച്ച് പറന്നിറങ്ങുന്നത്.
എല്ലാ തുറന്നിടല്‍ പദ്ധതികള്‍ക്കുമെന്ന പോലെ, ഇവിടെയുമുണ്ട് ഭരണകൂടത്തിന് ചില ന്യായവാദങ്ങള്‍. നിലവില്‍, കര്‍ഷകര്‍ ഇടത്തട്ടുകാരാല് ചൂഷണം ചെയ്യപ്പെടുന്നു. കുത്തകകള്‍ക്ക് വിപുലമായ സംഭരണ -വിതരണ ശൃംഖലയുള്ളതിനാല്‍ കര്‍ഷകരില്‍ നിന്ന് നിലവിലുള്ളതിനേക്കാള്‍ കൂടിയ വിലക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങി കുറഞ്ഞ വിലക്ക് ഉപഭോക്താവിന് നല്കാന് കഴിയും. കൂടുതല്‍ ആരോഗ്യകരവും നിലവാരമുള്ളതുമായ വില്‍പ്പന സാഹചര്യങ്ങളിലൂടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം ലഭ്യമാകും. ഇതൊക്കെയാണ് ന്യായവാദങ്ങള്‍. പ്രത്യക്ഷത്തില്‍, ന്യായമെന്ന് തോന്നുന്ന ഈ വാദങ്ങള്‍,പക്ഷേ ശുദ്ധ അസംബന്ധമാണെന്ന് പുനര്‍വായനയില്‍ വ്യക്തമാകുന്നു.
വിപുലവും വിശാലവുമായ അടങ്കല്‍ വാങ്ങല്‍ ശേഷിയിലൂടെ മെച്ചപ്പെട്ട വിലക്ക് കര്‍ഷകരില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങി സംഭരിക്കാന്‍ കുത്തകകള്‍ക്ക് കഴിയുമെന്നത് ശരിയാണ്.ഈ പ്രക്രിയയില്‍ പിടിച്ചു നില്ക്കാന് ചെറുകിട വ്യാപാരിക്ക് കഴിയില്ല. നിലവിലേതിനേക്കാള്‍ കുറഞ്ഞ വിലക്ക് ഉപഭോക്താവിന് ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാനും ത്തകകള്ക്ക് കഴിയും. ഇവിടെയും അസംഘടിത ചെറുകിട വ്യാപാരിക്ക് കടപൂട്ടുകയേ നിര്‍വാഹമുള്ളൂ. പക്ഷേ,ഇങ്ങനെ വിപണി കീഴടക്കുന്ന ആഗോള കുത്തകകള്‍ പിന്നീട് വാങ്ങല്‍ വില കുറക്കുകയും വില്‍പ്പന വില കൂട്ടുകയും ചെയ്താല്‍(ചെയ്യുമെന്നുറപ്പ്) എന്താണെന്ന കാര്യത്തില്‍ സര്‍ക്കാരിന് മിണ്ടാട്ടമില്ല. അതേസമയം, ടെലികമ്യൂണിക്കേഷന്‍ രംഗത്ത് ആഗോള നിക്ഷേപം അനുവദിച്ചപ്പോള്‍ ഉയര്‍ന്നുവന്ന മല്‍സരം മൂലം മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് നിലവില്‍ ചുരുങ്ങിയ ചെലവില്‍ ഫോണ്‍ ചെയ്യാന്‍ സാധിക്കുന്നുവെന്ന കാര്യം ചൂണ്ടിക്കാട്ടി കുത്തകകള്‍ തമ്മിലുള്ള മല്‍സരം ഉപഭോക്താക്കള്‍ക്ക് ഗുണകരമാകുമെന്നും വിദേശ നിക്ഷേപ വാദക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പക്ഷേ, ട്രായി പോലെയുള്ള ഒരു അതോറിറ്റി ഈ കുത്തകകളെ നിയന്ത്രിക്കാന്‍ തുടക്കം മുതല്‍ സജ്ജമായിരുന്നു. ട്രായിയുടെ കര്‍ശന നിയന്ത്രണമാണ് വിദേശ മൊബൈല്‍ കമ്പനികളുടെ മല്‍സരം ഉപഭോക്താവിന് അനുകൂലമാക്കി മാറ്റിയത്. വിദേശ റീട്ടെയില്‍ കുത്തകകളെ നിയന്ത്രിക്കാന്‍ എന്ത് സംവിധാനമാണ് സര്‍ക്കാര്‍ ഒരുക്കുന്നത്? ബി.എസ്.എന്‍.എല്‍ എന്ന സര്‍ക്കാര്‍ കുത്തകക്കെതിരെയാണ് വിദേശ കുത്തകകള്‍ മല്‍സരിച്ചത്. എന്നാല്‍, റീട്ടെയില്‍ രംഗത്ത് സ്വദേശി കുത്തകകളുമായുള്ള മല്‍സരമല്ല, മറിച്ച് സ്വദേശിയായാലും വിദേശിയായാലും കുത്തകകള്‍ വഴി തൊഴില്‍ രഹിതരാകുന്ന കോടിക്കണക്കിന് ചെറുകിട കച്ചവടക്കാരാണ് ചര്‍ച്ചാ വിഷയം. മൊബൈല്‍ ഫോണ്‍ വന്നപ്പോള്‍ രാജ്യത്തെ പതിനായിരക്കണക്കിന് ടെലഫോണ്‍ ബൂത്തുകള്‍ പൂട്ടിപ്പോയതു പോലെ, വിദേശ കുത്തകകള്‍ വരുമ്പോള്‍ ചില കടകള്‍ പൂട്ടിപ്പോയാലും പേടിക്കാനില്ലെന്നും കോര്‍പ്പറേറ്റ് ശിങ്കിടികള്‍ ആശ്വാസം കൊള്ളുന്നു. പക്ഷേ, കുത്തക റീട്ടെയില്‍ കമ്പനികളുടെ തൊഴില്‍ ദായക ശേഷിയും നിലവില്‍ ചെറുകിട വ്യാപാരം കൊണ്ട് ഉപജീവനം നടത്തുന്നവരുടെ എണ്ണവും തമ്മിലുള്ള താരതമ്യം മതി ഇക്കൂട്ടരുടെ കണ്ണു തുറപ്പിക്കാന്‍.
ഉദാഹരണത്തിന്, ലോകത്തെ ഏറ്റവും വലിയ കുത്തക റീട്ടെയില്‍ ഭീമന് വാള്‍മാര്‍ട്ടിന് ലോകത്തെമ്പാടുമുള്ളത്, 4806 ഔട്ലെറ്റുകളാണ്. ഇത്രയും സ്ഥാപനങ്ങളിലാകെ ജോലി ചെയ്യുന്നവരുടെ എണ്ണം 1.4 കോടി മാത്രമാണ്. 85000 ചതുരശ്ര അടിയാണ് ഒരു വാള് മാര്‍ട്ട് ഔട്ലെറ്റിന്റെ ശരാശരി വിസ്തീര്‍ണം. 5.1 കോടി ഡോളറാണ് ഒരു ഔട്ലെറ്റിലെ ശരാശരി വരുമാനം.ഇന്ത്യയിലെ ഒരു ശരാശരി കച്ചവടക്കാരന്റെ വാര്‍ഷിക വരുമാനം 186,075 രൂപ മാത്രമാണ്. ഒന്നേകാല്‍ കോടിയിലധികം വരുന്ന ഈ കടകളുടെ നാലു ശതമാനം മാത്രമാണ് അഞ്ഞൂറ് ചതുരശ്ര അടിയിലധികം വലുപ്പമുള്ളവ. നാലുകോടിയിലധികം പേര്‍ക്ക് തൊഴില്‍ നല്കുന്ന ഇത്തരം സ്ഥാപനങ്ങളുടെ മൊത്തം വരുമാനം 7.35 ലക്ഷം കോടി രൂപ മാത്രമാണ്. വാള്‍മാര്‍ട്ടിന് 2004-ല്‍ മാത്രം ലഭിച്ച ലാഭം 9000 മില്യണ്‍ ഡോളറാണ്.
16 ലക്ഷം ചതുരശ്ര അടിയില്‍ കൊച്ചിയില്‍ ഉയരുന്ന ലുലു മാളിന്റെ ഉദാഹരണവും വിദേശ നിക്ഷേപത്തിനനുകൂലമായി പ്രചരിപ്പിക്കപ്പെടുന്നു. പ്രവാസി മലയാളിയായ എം.കെ യൂസുഫലിക്ക് ലുലു എന്ന പേരില്‍ ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളില്‍ വ്യാപാര ശൃംഖലയുണ്ട്. മറ്റ് ഇന്ത്യന്‍ കുത്തകകളുടെ മാളുകള്‍ ലുലു മാളിനെ അപേക്ഷിച്ച് തീരെ ചെറുതാണെന്നും പറയുന്നു. കുത്തകകള്‍ സ്വദേശിയോ വിദേശിയോ മലയാളിയോ ഉത്തരേന്ത്യക്കാരനോ എന്നതല്ല ഇവിടെ പ്രശ്നം. ഒരു രാജ്യത്തിന്റെ പൊതു വിതരണ സമ്പ്രദായത്തെ അട്ടിമറിക്കും വിധം സ്വകാര്യ കുത്തകകള്‍ നിത്യോപയോഗ സാധനങ്ങള്‍ സംഭരിക്കുന്നതും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെ വെല്ലുവിളിക്കുന്നതുമാണ്. സ്വകാര്യ കുത്തകകളുടെ ശീതീകരിച്ച വെയര്‍ഹൗസുകളില്‍ ഭക്ഷ്യധാന്യം ശേഖരിക്കപ്പെടുന്നത് പൂഴ്ത്തിവെയ്പ്പുമായി വ്യത്യസ്തമാവാതിരിക്കാന്‍ എന്തു നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുള്ളത്? പണപ്പെരുപ്പവും വിലക്കയറ്റവും പിടിച്ചു നിര്‍ത്താന്‍ കഴിയാതെ ജി.ഡി.പി വര്‍ധനയെക്കുറിച്ച് ഗീര്‍വാണം മുഴക്കുന്നവര്‍ മറുപടി പറഞ്ഞേ തീരൂ..
പത്തു ലക്ഷത്തിലധികം മാത്രം ജനസംഖ്യയുള്ള അറുപതോളം നഗരങ്ങളിലാണ് വിദേശ നിക്ഷേപം അനുവദിക്കുകയുള്ളൂ എന്നാണ് മറ്റൊരു വാദം. 2001 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ഇത്തരത്തിലുള്ള 35 നഗരങ്ങളാണ് ഉണ്ടായിരുന്നത്. ഇതു പ്രകാരം കേരളത്തിലെ ഒരു നഗരവും ഈ പരിധിയില്‍ പെടുമായിരുന്നില്ല. എന്നാല്‍,2011ല്‍ നഗരങ്ങള്‍ക്കുള്ള മാനദണ്ഡം സെന്‍സസ് പ്രക്രിയയില്‍ സര്‍ക്കാര്‍ തിരുത്തി. ആറര ലക്ഷം മാത്രം ജനസംഖ്യയുള്ള കൊച്ചിയിലേക്ക് വാള്‍മാര്‍ട്ടിനെ ആനയിക്കാന്‍ നഗരപ്രാന്ത പ്രദേശങ്ങളായി എറണാകുളം ജില്ലയിലെ ആലുവ, പെരുമ്പാവൂര്‍,തൃപ്പൂണിത്തുറ, കളമശ്ശേരി തുടങ്ങിയവയെക്കൂടി ഉള്‍പ്പെടുത്തി പത്തു ലക്ഷം തികച്ചു. ഈ രീതിയില്‍ കൂടുതല്‍ ചെറുകിട പട്ടണങ്ങളിലേക്കു കൂടി കുത്തക ഭീമന്മാരെ കുടിയിരുത്താന്‍ വേണ്ടി സെന്‍സസ് പ്രക്രിയയില്‍ പോലും വെള്ളം ചേര്‍ത്തുവെന്ന് പറയുമ്പോള്‍, എത്ര ആസൂത്രിതമായും കാര്യക്ഷമമായുമാണ് വിദേശ മൂലധന നിക്ഷേപത്തിനായുള്ള ക്ഷണക്കത്തുകള്‍ തയ്യാറാക്കപ്പെടുന്നതെന്ന് വ്യക്തമാകുന്നു. അതുകൊണ്ടാണ് 49 ശതമാനം നിക്ഷേപവും മുപ്പതോളം നഗരങ്ങളും മാത്രം പ്രതീക്ഷിച്ച വാള്‍മാര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നയുടന്‍ അത്യാഹ്ലാദത്തോടെ പ്രതികരിച്ചത്. രാജാവിനേക്കാള്‍ വലിയ രാജഭക്തരാണ് ഇന്ത്യ ഭരിക്കുന്നതെന്ന കാര്യം അവര്‍ ഓര്‍ത്തില്ല. ഇപ്പോള്‍ പത്തുലക്ഷം തികക്കാന്‍ കോര്‍പ്പറേഷനോടൊപ്പം പഞ്ചായത്തുകളെക്കൂടി എണ്ണിയവര്‍ അടുത്ത സെന്‍സസില്‍ ജില്ലാ അടിസ്ഥാനത്തില്‍ തലയെണ്ണി മാളുകള്‍ അനുവദിക്കില്ലെന്നാരു കണ്ടു?
ഇടതു പക്ഷത്തിന്റെ എതിര്‍പ്പിനെ മറികടക്കാന്‍ കോര്‍പ്പറേറ്റ് പാണന്മാര് പാടുന്ന ദേശമഹിമയാണ് ചൈനയുടെ ഉദാഹരണം. ചൈനയില്‍ പതിനാറു വര്‍ഷമായി ചെറുകിട വ്യാപാര മേഖലയില്‍ 83 നഗരങ്ങളില്‍ 200ലധികം മാളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രേ.അവി ടെ നഗരങ്ങളില്‍ മാത്രമേ മാളുകളുള്ളൂവെന്നും ഗ്രാമങ്ങളിലില്ലെന്നും വാദമുണ്ട്. പോളണ്ടിനെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന ശ്രീനിവാസന് ഫലിതം ഉപയോഗിച്ച് ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന അതേ കോര്‍പ്പറേറ്റ് സ്തുതിപാഠകര്‍ തന്നെയാണ് ചൈനയിലെ ഏകാധിപത്യ മുതലാളിത്തം ഉദാഹരണമായി ചൂണ്ടിക്കാട്ടി ഇന്ത്യയിലേക്ക് വിദേശ മൂലധനത്തെ കൈകാട്ടി വിളിക്കുന്നത്. അവരോടും ഒന്നേ പറയാനുള്ളൂ. ശ്രീനിവാസനോട് കടപ്പാടു രേഖപ്പെടുത്തിക്കൊണ്ടു പറയട്ടെ.. ചൈനയെക്കുറിച്ച് ഇനി ഒരക്ഷരം മിണ്ടരുത്. ചൈനയില്‍ മാത്രമല്ല, റീട്ടെയില്‍ രംഗത്ത് വിദേശ മൂലധനത്തെ ആനയിച്ച മറ്റു ചില ഏഷ്യന്‍ രാജ്യങ്ങളുമുണ്ട്. ഫിലിപ്പീന്‍സ്, തായ്ലന്റ്, മലേഷ്യ,ഇന്തോനേഷ്യ, തെക്കന്‍ കൊറിയ, തുടങ്ങിയവ ഉദാഹരണം.തായ്ലന്റില് 40 ശതമാനവും മലേഷ്യയില്‍ അമ്പത് ശതമാനവും ഫിലിപ്പീന്‍സില്‍ മുപ്പത്തഞ്ചു ശതമാനവും ചൈനയില്‍ ഇരുപതു ശതമാനവും ഇന്തോനേഷ്യയില്‍ ഇരുപത്തഞ്ചു ശതമാനവും തെക്കന്‍ കൊറിയയില്‍ പതിനഞ്ചു ശതമാനവുമാണ് റീട്ടെയില്‍ രംഗത്തെ കുത്തകകളുടെ പ്രാതിനിധ്യം-സ്വദേശിയും വിദേശിയും ഉള്‍പ്പടെ. ഈ രാജ്യങ്ങളൊക്കെയും പിന്നീട് അനുഭവത്തില്‍ നിന്ന് പാഠം പഠിച്ച് കുത്തകകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയാണു ണ്ടായത്.
ചൈനയിലേക്ക് തന്നെ വരാം. ഇന്ത്യയേക്കാള്‍ ജനസംഖ്യയുള്ള ഈ രാജ്യത്ത് എന്തുകൊണ്ടാണ് കൂടുതല്‍ നഗരങ്ങളിലേക്ക് കുത്തകകള്‍ക്ക് പ്രവേശനം ലഭിക്കാതിരുന്നതെന്നു കൂടി ചിന്തിക്കേണ്ടതാണ്. അവക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് മേല്‍സൂചിപ്പിച്ച രാജ്യങ്ങള്‍ ചെയ്തത്. സേവനമേഖലയുടെ കുതിച്ചു ചാട്ടം ഇന്ത്യയെ ഒരു വികസിത രാജ്യത്തിന്റെ സൂചികകളില്പ്പെടുത്താന് പര്യാപ്തമല്ല എന്നതാണ് ആഗോളീകരണാനന്തര ഇന്ത്യന്‍ വിരോധാഭാസം. സേവനമേഖലയുടെ വളര്‍ച്ച വ്യാവസായിക വളര്‍ച്ചയുമായി കൃത്യമായ അനുപാതത്തിലല്ല എന്നുള്ളതാണ് വസ്തുത. അതായത്, കൃഷി തകര്‍ന്നു കൊണ്ടിരിക്കുന്നു. വ്യവസായം മുരടിച്ച അവസ്ഥയില്‍.അതേസമയം തന്നെ സേവനമേഖല വളരുന്നു.
ചൈനയിലാകട്ടെ, വ്യവസായ മേഖലയും നിര്‍മാണ മേഖലയും ഖനി മേഖലയും വളര്‍ച്ചയുടെ പാതയിലാണ്. ഇതിനനുപാതികമായാണ് അവിടത്തെ സേവനമേഖലയുടെ വളര്‍ച്ച. അതു കൊണ്ട് ചൈനയെ ഒരു വികസിതമോ വികസ്വരമോ ആയ രാജ്യത്തിന്റെ പട്ടികയിപല്പ്പെടുത്താം. ഇന്ത്യയിലാകട്ടെ, ഉല്‍പ്പാദനമേഖല തകര്‍ന്നടിയുന്നു. സേവനമേഖല കുതിച്ചു കയറുന്നു. ഇത് അസന്തുലിതവും ഉള്ളൂ പൊള്ളയായതുമായ സാമ്പത്തികവളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നതെന്ന് തലക്ക് വിവരമുള്ള ആരും സമ്മതിക്കും.
അത് കൊണ്ട് തന്നെ, വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് നമ്മുടെ റീട്ടെയില്‍ രംഗത്തെ കൈപിടിച്ചുയര്‍ത്താനും ഇന്ത്യയിലെ ഇരുപത്തഞ്ചു രൂപ വരുമാനക്കാരായ ഉപഭോക്താക്കള്‍ക്ക് അപൂര്‍വമായ ഷോപ്പിംഗ് അനുഭവം കാഴ്ചവെക്കാനും വെമ്പിനില്ക്കുന്ന അധികൃതര്‍ ആദ്യം ചെയ്യേണ്ടത്, നിലവിലെ റീട്ടെയില്‍ രംഗത്തിന്റെ നവീകരണത്തിനും ഭക്ഷ്യോല്‍പ്പാദനത്തിനും സംഭരണത്തിനും വിതരണത്തിനും വേണ്ട വികസനത്തിനും വഴിയൊരുക്കുകയാണ്. സ്വദേശി കുത്തകകളുടെ കടന്നുവരവോടെ വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ പെടാപ്പാടു പെടുന്ന സര്‍ക്കാര്‍,കൂടുതല്‍ വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്ന ഏര്‍പ്പാടാണ് ചെയ്യുന്നത്. റീട്ടെയില്‍ വ്യാപാരമെന്നത് ഒന്നും ഉല്‍പ്പാദിപ്പിക്കുന്ന പ്രക്രിയയല്ല. മറിച്ച് ഒരു മൂല്യവര്‍ധിത കൈമാറ്റ രീതി മാത്രമാണ്. അതുകൊണ്ട്, വിപണിയില്‍ നിയന്ത്രണമുണ്ടാക്കുകയും കര്‍ഷകരില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ ശേഖരിക്കാനും സംഭരിക്കാനും വിതരണം ചെയ്യാനും ആവശ്യമായ ആധുനിക വിതരണ-ശൃംഖല തദ്ദേശീയമായി സൃഷ്ടിക്കുകയുമാണ ് സര്‍ക്കാര്‍ ചെയ്യേണ്ടത്. ഒരു രാജ്യത്തിന്റെ പൊതു വിതരണ സമ്പ്രദായത്തെ മുച്ചൂടം തകര്‍ത്തശേഷം, ഭക്ഷ്യസുരക്ഷ കുത്തകകളുടെ കൈകളിലേക്ക് കൈമാറുന്ന കേന്ദ്ര സര്‍ക്കാര്‍, ഭക്ഷ്യസുരക്ഷാ നിയമം കൊണ്ടു വരുന്നത് ആരുടെ കണ്ണില്‍ പൊടിയിടാനാണ്? ഇന്ന്, റീട്ടെയില്‍ രംഗം ബാങ്ക് വായ്പ പോലും ലഭിക്കാത്ത വിധം അനാകര്‍ഷണീയമായ സ്വയം തൊഴിലാണ്. ഈ രംഗത്തേക്ക്, സര്‍ക്കാര്‍ സഹായങ്ങള്‍ ലഭ്യമാക്കുകയും, ഭക്ഷ്യോല്‍പ്പന്നങ്ങളുടെ ആരോഗ്യകരമായ വിതരണത്തിന് സാഹചര്യമൊരുക്കാന്‍ വേണ്ട പരിശീലനം നല്‍കുകയും കുടുതല്‍ പശ്ചാത്തലസൗകര്യമൊരുക്കുകയുമാണ് അടിയന്തിരമായി ചെയ്യേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഈ രംഗത്തേക്ക് വിദേശ കുത്തകകളെ ആനയിക്കുന്നത് ഇന്ത്യയില്‍ ചെറുകിട കച്ചവടക്കാരുടെ ആത്മഹത്യ വര്‍ധിപ്പിക്കാനേ ഉതകൂ. ഇന്ത്യയിലെ മുപ്പത്തഞ്ചു നഗരങ്ങളില്‍(പത്തു ലക്ഷത്തിലധികം യഥാര്‍ത്ഥത്തില്‍ ജനസംഖ്യയുള്ളത്)വാള്‍മാര്‍ട്ട് റീട്ടെയില്‍ ഷോറൂമുകള്‍ തുറന്നാല്‍, വെറും 10195 തൊഴിലാളികളെക്കൊണ്ട് 8033 കോടി രൂപയുടെ ലാഭമുണ്ടാക്കാന്‍ അവര്‍ക്ക് കഴിയും. ഇത് വഴി മാത്രം 4.32 ലക്ഷം പേരുടെ കടകള്‍ പൂട്ടേണ്ടിയും വരും.നാലൂകോടിയിലധികം പേരുടെ തൊഴിലില്ലാതാക്കിയാല് ഇവരെ പുനരധിവസിപ്പിക്കാനോ മറ്റു തൊഴില്‍ മേഖല കണ്ടെത്തിക്കൊടുക്കാനോ സര്‍ക്കാരിന് കഴിയുമോ? ഇതിനെയാണ് വികസനം എന്നു പറയുന്നതെങ്കില്‍ ഇത് ജനാധിപത്യവിരുദ്ധമാണ് എന്നതാണ് നാം ഉറക്കെ പറയേണ്ട കാര്യം. ചെറുകിട രംഗത്തെ ജനാധിപത്യത്തിനായി കച്ചവടക്കാര്‍ മാത്രമല്ല, ജനാധിപത്യ സമൂഹം ഒന്നാകെ പ്രക്ഷോഭമുയര്ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


കുത്തകകളെ വളര്‍ത്തുന്ന, വലുതാക്കുന്ന ഗവന്മേന്റ്റ് നയങ്ങള്‍ ക്കെതിരെ പറയുമ്പോള്‍ മധ്യവര്‍ഗ്ഗ സമൂഹത്തിന്റെ നിലപാട് ശ്രദ്ധിയ്ക്കുക. അവര്‍ക്ക് ഈ പറയുന്നതൊക്കെയും പണ്ട് ട്രാക്ടറിനും കംപൂട്ടരിനും എതിരെ നടന്ന സമരങ്ങള്‍ പോലെയാണ് തോന്നുന്നത്.
ReplyDelete