Tuesday, August 21, 2012

റോഹിംഗ്യകളുടെ രോദനം
മ്യാന്‍മാര്‍ എന്നോ ബര്‍മ എന്നോ കേള്‍ക്കുമ്പോള്‍ സാധാരണയായി ഓര്‍മവരിക കഴിഞ്ഞ അരനൂറ്റാണ്ടായി തുടരുന്ന പട്ടാള ഭരണകൂടത്തെയും അതിനെതിരെ പതിറ്റാണ്ടുകളായി പോരാടിക്കൊണ്ടിരിക്കുന്ന ആങ്  സാങ്് സൂചിയെന്ന വീരവനിതയെയുമാണ്. ബര്‍മയില്‍ ബുദ്ധിസ്റ്റുകളാണ് ഭൂരിഭാഗമെന്നും ഏറെക്കുറെ എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ആ നാട്ടിലുള്ള വിവിധ വംശീയ വിഭാഗങ്ങളെക്കുറിച്ചോ ന്യൂനപക്ഷങ്ങളെക്കുറിച്ചോ പുറം ലോകത്ത് കാര്യമായി അറിയില്ല. കാരണം, പതിറ്റാണ്ടുകളായി തുടരുന്ന സൈനികഭരണകൂടം തീര്‍ത്ത ഇരുമ്പു മറ തന്നെ. ശീതസമര കാലത്ത് ബര്‍മീസ് സോഷ്യലിസം എന്ന പേരില്‍ പട്ടാളഭരണകൂടം സ്വീകരിച്ച പ്രത്യയശാസ്ത്രം അടിസ്ഥാനപരമായി തന്നെ അപരപേടി(xenophobia)യില്‍ പടുത്തുയര്‍ത്തപ്പെട്ടതായിരുന്നു. അതുകൊണ്ട്തന്നെ, വിദേശികളുടെ ഇടപെടലിനെ എല്ലാ അര്‍ത്ഥത്തിലും ഇല്ലാതാക്കിയും പട്ടാളത്തിന്റെ പരമാധിപത്യം ഊട്ടിയുറപ്പിച്ചും പടുത്തുയര്‍ത്തിയ ഈ രാഷ്ട്രം അവര്‍ക്കിടയിലെ തന്നെ വംശീയ ന്യൂനപക്ഷമായ റോഹിംഗ്യകളെ തുടച്ചു നീക്കുന്ന വാര്‍ത്തകളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. അന്താരാഷ്ട്ര സമൂഹവും മാധ്യമങ്ങളും മൂടി വെക്കുന്നുണ്ടെങ്കിലും ആംനെസ്റ്റി ഇന്റര്‍നാഷണലിന്റെയും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെയും ഇടപെടലുകളെത്തുടര്‍ന്ന് വംശഹത്യയുടെ നടുക്കുന്ന വിവരങ്ങള്‍ കുറച്ചെങ്കിലും പുറം ലോകമറിയുന്നുണ്ട്. 2012 ജൂണ്‍ ആറിന് ബുദ്ധിസ്റ്റുകളില്‍പ്പെട്ട രാഖിന്‍ വിഭാഗത്തിലെ ഒരു സ്ത്രീ ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് തുടങ്ങിയ വംശീയ കലാപം, സൈന്യവും ബുദ്ധിസ്റ്റുകളും ചേര്‍ന്ന് റോഹിംഗ്യകളെ വംശീയ ഉന്‍മൂലനത്തിന് വിധേയമാക്കുന്നതിലേക്കാണ് നയിച്ചിട്ടുള്ളത്. കലാപമാരംഭിച്ച് ആദ്യ ആഴ്ച തന്നെ ആയിരത്തോളം പേര്‍ കൊല്ലപ്പെടുകയും അത്രയും പേരെ തന്നെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് യു.എന്‍.സി.എച്ച്.ആര്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും കലാപം ആറാഴ്ചയായി തുടരുമ്പോള്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കൃത്യമായ കണക്കു ലഭ്യമല്ല. ഇരുപത്തയ്യായിരം പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് റോഹിങ്യകളുടെ അന്താരാഷ്ട്ര കൂട്ടായ്മ ആരോപിക്കുന്നത്. 
    റോഹിംഗ്യകളാണ് ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വംശീയവിഭാഗമെന്ന് യു.എന്‍.സി.എച്ച്.ആര്‍  കാല്‍ നൂറ്റാണ്ട് മുമ്പ് തന്നെ പ്രസ്താവിച്ചിരുന്നു. റോഹിങ്യകള്‍ മുസ്‌ലീംകളാണ്. മ്യാന്‍മറിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ അര്‍കാന്‍ സ്വദേശികളായ ഈ വിഭാഗം ബര്‍മ, ബംഗ്ലാദേശ്, മലേഷ്യ എന്നിവിടങ്ങളിലാണ് താമസിക്കുന്നത്. 11 ലക്ഷമാണ് ഇവരുടെ ജനസംഖ്യ. ഇതില്‍ എട്ടുലക്ഷം പേരും ബര്‍മയില്‍ തന്നെയാണ്. ബാക്കിയുള്ളവരെല്ലാം പല കാലഘട്ടങ്ങളിലായി പലായനം ചെയ്തവരും. ഇന്ത്യയിലേക്കും ഇവര്‍ അഭയാര്‍ഥികളായി എത്തിയിട്ടുണ്ട്. ബ്രിട്ടീഷ് കോളനിയായിരുന്ന ബര്‍മയിലേക്ക് ബംഗ്ലാദേശില്‍ നിന്ന് പലകാലഘട്ടങ്ങളിലായി അഭയാര്‍ഥിപ്രവാഹമുണ്ടാവുകയും അവരില്‍ പലരും അര്‍കാന്‍ പ്രവിശ്യയില്‍ വാസമുറപ്പിക്കുകയും ചെയ്തിരുന്നു. ഇതോടെ, റോഹിംഗ്യകള്‍ മുഴുവന്‍ ബംഗ്ലാദേശില്‍ നിന്നും ചൈനയില്‍ നിന്നും കുടിയേറിപ്പാര്‍ത്തവരാണെന്നായി പ്രചാരണം 1962ല്‍  യു നു വിന്റെ നേതൃത്വത്തിലുളള ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിച്ച് നെ വിന്റെ നേതൃത്വത്തിലുളള സൈന്യം ഭരണം പിടിച്ചെടുത്തതോടെ ബര്‍മയിലെ മുഴുവന്‍ വംശീയ ന്യൂനപക്ഷങ്ങളും വേട്ടയാടപ്പെടാന്‍ തുടങ്ങി. ഭരണകൂടം വംശീയ ന്യൂനപക്ഷങ്ങളെ അംഗീകരിച്ചതു പോലും വംശീയസവിശേഷതകളുടെ അടിസ്ഥാനത്തിലായിരുന്നില്ല. മറിച്ച്, ബുദ്ധിസ്റ്റുകളില്‍പ്പെട്ട വിവിധ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ പ്രാദേശികതയുടെ അടിസ്ഥാനത്തിലായിരുന്നു. അതുകൊണ്ടു തന്നെ, റോഹിംഗ്യകളെ ബര്‍മന്‍ പൗരന്‍മാരായിപ്പോലും സൈനിക ഭരണകൂടം അംഗീകരിച്ചില്ല. പൗരത്വം അംഗീകരിക്കപ്പെട്ട വംശീയ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭരണകൂടം നടത്തിപ്പോന്ന അക്രമങ്ങള്‍ക്ക് നേരെ അന്താരാഷ്ട്ര സമൂഹം നിലപാടെടുത്തിരുന്നു. സൈന്യത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ ആങ്്  സാങ് സൂചിയുടെ നേതൃത്വത്തില്‍ ഉയര്‍ന്നു വന്ന പ്രക്ഷോഭം അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു. റോഹിംഗ്യകള്‍ക്ക് നേരെ ഭരണകൂടം നടത്തിവന്ന ക്രൂരമായ വിവേചനവും പീഡനവും അവരില്‍ ഭൂരിഭാഗം പേരെയും അഭയാര്‍ത്ഥികളാക്കി. ചരിത്രത്തെ വളച്ചൊടിച്ചു കൊണ്ട് റോഹിംഗ്യകളുടെ പൗരത്വം നിഷേധിക്കുക മാത്രമല്ല ഭരണകൂടം ചെയ്തത്, കലാപങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് അവരെ വംശീയമായി ഉന്‍മൂലനം ചെയ്യുക കൂടിയാണ്. കഴിഞ്ഞ മാസമാരംഭിച്ച വംശഹത്യയില്‍ സൈന്യം നേരിട്ട് കൊലയും കൊള്ളിവെപ്പും നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. നേരത്തെ, റോഹിംഗ്യ അഭയാര്‍ഥികളെ സ്വീകരിച്ചിരുന്ന ബംഗ്ലാദേശ് ഇക്കുറി ബര്‍മന്‍ അതിര്‍ത്തി അടച്ചിരിക്കുകയാണ്. യു.എന്‍.സി.എച്ച്.ആര്‍ ആവശ്യപ്പെട്ടിട്ടും അതിര്‍ത്തി തുറക്കാന്‍ അവര്‍ കൂട്ടാക്കിയിട്ടില്ല. പതിനായിരത്തിലധികം പേര്‍ അഭയാര്‍ഥികളായിട്ടും ഐക്യരാഷ്ട്രസഭക്ക് ഇതുമൂലം അഭയാര്‍ഥികളെ പുനരധിവസിപ്പിക്കാന്‍ സാധിച്ചിട്ടില്ല. അതിനിടെ, ബോട്ടില്‍ ആസ്‌ത്രേലിയയിലേക്കും മറ്റും രക്ഷപ്പെടുന്ന റോഹിംഗ്യകളെ സൈന്യം ഹെലികോപ്റ്ററിലെത്തി വെടിവെച്ചു വീഴ്ത്തുന്നതായി ഇന്തോനേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
    വാഷിംഗ്ടണ്‍ പോസ്റ്റ്, ഗാര്‍ഡിയന്‍, അല്‍ജസീറ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഈ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും വിദേശ മാധ്യമങ്ങള്‍ക്ക് ബര്‍മയിലുള്ള നിയന്ത്രണം മൂലം വിവരങ്ങള്‍ പുറത്തുവരുന്നില്ല. പക്ഷേ, സ്വന്തം അയല്‍പക്കത്തു നടക്കുന്ന ഈ വംശീയ ഉന്‍മൂലനം ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് വാര്‍ത്തയാവുന്നതേയില്ല. ചൈന, ഇന്ത്യ, ബംഗ്ലാദേശ് എന്നീരാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ബര്‍മ ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രാധാന്യമുള്ള അയല്‍വാസിയാണ്. അതുകൊണ്ടു തന്നെ, സോവിയറ്റ് യൂഗത്തിനു ശേഷം ബര്‍മയുമായി സൗഹൃദമാരംഭിച്ച ഇന്ത്യ അവിടെയുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടക്കുകയാണ്. അഹിംസാവാദികളായ ബുദ്ധിസ്റ്റുകളുടെ നേതൃത്വത്തില്‍ നടക്കുന്ന വംശീയ ഉന്‍മൂലനം ശ്രീലങ്കയിലാണെങ്കിലും ബര്‍മയിലാണെങ്കിലും ഇന്ത്യക്ക് ഒരു രാഷ്ട്രീയ പ്രശ്‌നമാവാത്തത്, വംശീയ-സാംസ്‌കാരിക ദേശീയത നമ്മുടെ രാജ്യവും ഉള്ളില്‍ പേറുന്നതു കൊണ്ടാണോയെന്ന് സംശയമുയര്‍ത്തുന്നുണ്ട്. ഇന്ത്യയുടെ നാലാമത്തെ ഏറ്റവും വലിയ വാണിജ്യ പങ്കാളിയാണ് ബര്‍മ. ബര്‍മീസ് ഉല്‍പ്പന്നങ്ങള്‍ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്നതും ഇന്ത്യയാണ്. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ബര്‍മക്കെതിരെ പലഘട്ടങ്ങളിലും ഉപരോധമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇപ്പോള്‍ ഉപരോധങ്ങള്‍ പലതും പിന്‍വലിച്ചു കഴിഞ്ഞു. വംശീയ ഉന്‍മൂലനം ആരംഭിച്ച ശേഷം അമേരിക്ക ബര്‍മയുമായി കൂടുതല്‍ വാണിജ്യ കരാറുകള്‍ ഒപ്പിടാനൊരുങ്ങുകയാണ്. സൈനിക ഭരണകൂടത്തിന്റെ കെടുകാര്യസ്ഥതമൂലം ഇനിയും കണ്ടെത്താന്‍ കഴിയാത്ത ബര്‍മയിലെ എണ്ണസമ്പത്തും ഖനിജങ്ങളുമാണ് അമേരി്ക്കയുടെ ലക്ഷ്യം. ഹിലരി ക്ലിന്റണ്‍ അടുത്തു തന്നെ ബര്‍മ സന്ദര്‍ശിക്കാനിരിക്കുകയാണ്.  
    സമാധാനത്തിന് നൊബേല്‍ പുരസ്‌കാരം നേടിയ ബര്‍മയിലെ പ്രതിപക്ഷനേതാവ് ആങ് സാങ് സൂചിയുടെ പ്രശ്‌നത്തിലുളള നിലപാട് പരക്കെ പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്. രോഹിംഗ്യകള്‍ ബര്‍മക്കാരല്ലെന്ന ഭരണകൂട നിലപാടിനെതിരെ സൂചി വാതുറന്നിട്ടില്ല. തന്റെ പാര്‍ട്ടിക്കാരോട് വംശഹത്യയില്‍ പങ്കെടുക്കരുതെന്നാവശ്യപ്പെടുക മാത്രമാണ് അവര്‍ ചെയ്തിട്ടുളളത്. രാഖിന്‍ പ്രദേശത്തെ ബുദ്ധിസ്റ്റുകളുടെ പിന്തുണ നഷ്ടപ്പെടുത്താന്‍ അവര്‍ തയ്യാറല്ലെന്നാണ് ഇതു സൂചിപ്പി്ക്കുന്നത്. ഓക്‌സ്‌ഫോര്‍ഡില്‍ പഠിക്കുന്ന കാലത്ത് ഒരു പാകിസ്ഥാനി സഹപാഠിയുമായി പ്രണയത്തിലായിട്ടുള്ള സൂചി ഒരു വംശീയവാദിയാണെന്നാരോപിക്കാന്‍ കഴിയില്ലെങ്കിലും അവര്‍ മുന്നോട്ടു വെക്കുന്ന ദേശീയ ജനാധിപത്യത്തില്‍ വംശീയ ന്യൂനപക്ഷങ്ങള്‍ക്കിടമില്ലെന്ന് പരോക്ഷമായി വ്യക്തമാക്കുകയാണ് തന്റെ നിലപാടിലൂടെ. 
    ഇറാന്‍ ഒഴികെ പശ്ചിമേഷ്യന്‍ രാജ്യങ്ങളൊന്നും പ്രശ്‌നത്തില്‍ പ്രതികരിച്ചിട്ടില്ല. ഇന്തോനേഷ്യയിലെ തീവ്രസലഫി വിഭാഗങ്ങള്‍ ബര്‍മക്കെതിരെ 'ജിഹാദി'നാഹ്വാനം ചെയ്തതാണ് മുസ്‌ലീം ലോകത്തു നിന്നുണ്ടായ പ്രതികരണം. അഭയാര്‍ഥികളാവാന്‍ പോലും സാധി്്ക്കാതെ വിവേചനവും പീഡനവും വംശഹത്യയും നേരിടുന്ന ഒരു ജനവിഭാഗത്തിനായി മനുഷ്യസമൂഹം ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തേണ്ടതുണ്ട്.

No comments:

Post a Comment