സാഹോദര്യ പ്രസ്ഥാന പ്രഖ്യാപനം
ചെറായി സഹോദരന്‍ സ്മാരക ഹൈസ്കൂള്‍
ഫെബ്രുവരി 20 ഞായര്‍, 10-30ന്
ഉദ്ഘാടനം: ചാരു നിവേദിത
പൊതു സമ്മേളനം ഗൌരീശ്വര ക്ഷേത്ര മൈതാനിയില്‍ 06.30ന്
ഉദ്ഘാടനം: പ്രൊഫ. എം. കെ. സാനു
പ്രിയ സഹോദരാ/സഹോദരീ,
കേരളത്തിന്റെ സാമ്പത്തിക സാമൂഹിക വികാസത്തിന്റെയും ജനാധിപത്യവല്‍ക്കരണത്തിന്റെയും മുന്നുപാധിയായത് വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സാഹോദര്യമാണ്. ഒരു നൂറ്റാണ്ടു മുന്‍പ് ജാതിഭേദവും മതദ്വേഷവും കൊണ്ടു കീറിമുറിഞ്ഞ കേരളം, വിവിധ ജാതി-മതസമുദായങ്ങളുടെ സാഹോദര്യത്തിലൂടെ ജാതിവ്യവസ്ഥിതിക്കാധാരമായ ബ്രാഹ്മണിസ്റ്റ് മൂല്യങ്ങളെയും മതാചാരങ്ങളെയും ധീരമായി എതിര്‍ത്തപ്പോള്‍ കാര്‍ഷിക-കൈത്തൊഴില്‍ -വ്യാപാര-വ്യവസായ മേഖലകളും പൊളിച്ചെഴുതപ്പെട്ടു. ഈ മേഖലകളില്‍ മൂലധനവും അധ്വാനശേഷിയും വിനിയോഗിച്ചതിലൂടെ മെച്ചപ്പെട്ട തൊഴിലുകള്‍ , വിദ്യാഭ്യാസം, ആരോഗ്യ പരിപാലനം എന്നിവ ആര്‍ജിക്കാന്‍ കേരളീയര്‍ക്കു കഴിഞ്ഞു. ഇതിനു നേതൃത്വം നല്‍കിയ നവോത്ഥാന പ്രസ്ഥാനത്തിന്റെ മുന്‍നിരയിലുണ്ടായിരുന്നത് ശ്രീനാരായണഗുരു, അയ്യന്‍ കാളി, സഹോദരന്‍ അയ്യപ്പന്‍ , പാമ്പാടി ജോണ്‍ ജോസഫ്, പൊയ്കയില്‍ അപ്പച്ചന്‍ , പണ്ഡിറ്റ് കെ പി കറുപ്പന്‍ , വി. ടി. ഭട്ടതിരിപ്പാട്, ഡോ. വേലുക്കുട്ടി അരയന്‍ , വക്കം അബ്ദുള്‍ഖാദര്‍ മൌലവി, മക്തി തങ്ങള്‍ , ചങ്ങനാശേരി പരമേശ്വരന്‍ പിള്ള തുടങ്ങിയവരാണ്. ഈ മഹാരഥന്മാര്‍ മുന്നോട്ടുവച്ച നവോത്ഥാനത്തിന്റെ മൌലിക ലക്ഷ്യമായ, സമ്പത്തും സംസ്ക്കാരവും ജാതി-മതാതീതമായി എല്ലാവര്‍ക്കും അര്‍ഹതപ്പെട്ടതാണെന്ന സമത്വാദര്‍ശമാണ് സാമുദായിക സമത്വവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഉള്‍ക്കൊണ്ട നവോത്ഥാന കാലത്തെ സാഹോദര്യ ബോധത്തിന്റെ അടിത്തറ. ഇതിനു മേല്‍ പടുത്തുയര്‍ത്തപ്പെട്ട സാമൂഹിക പ്രസ്ഥാനങ്ങള്‍ മാത്രമല്ല, കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും സോഷ്യലിസ്റ്റു പാര്‍ട്ടികളും അവയുടെ ആദ്യകാല നേതാക്കളായ സി. കേശവന്‍ , ടി. എം. വര്‍ഗ്ഗീസ്, ഇ.മൊയ്തുമൌലവി, മുഹമ്മദ്അബ്ദുറഹ്മാന്‍ സാഹിബ്, പി. കൃഷ്ണപിള്ള, എ. കെ. ഗോപാലന്‍ , കെ. പി. കേശവമേനോന്‍ , ബാരിസ്റ്റര്‍ ജോര്‍ജ്ജ് ജോസഫ്, അക്കാമ്മ ചെറിയാന്‍ എന്നിവര്‍ നവോത്ഥാനത്തിന്റെ പാത പിന്തുടര്‍ന്നവരായിരുന്നു. ദൌര്‍ഭാഗ്യവശാല്‍ , പില്‍ക്കാലത്ത് ഈ സമുജ്ജ്വലമായ പാരമ്പര്യം കൈമോശം വന്നു. സാമുദായിക, മത പരിഷ്കരണ പ്രസ്ഥാനങ്ങള്‍ അതത് മത-സാമുദായിക താല്‍പ്പര്യങ്ങളുള്ള വോട്ട്ബാങ്ക് രാഷ്ട്രീയമായപ്പോള്‍ ജനങ്ങള്‍ക്കിടയിലെ സാഹോദര്യം നഷ്ടമായി.
കക്ഷിരാഷ്ട്രീയസംഘടനകളുടെ ഏക മുദ്രാവാക്യം കേവല സാമ്പത്തിക പുരോഗതി അഥവാ വികസനം മാത്രമായപ്പോള്‍, കാര്‍ഷിക--വ്യവസായ-വിദ്യാഭ്യാസ മേഖലകളിലെ മൂലധന കേന്ദ്രീകരണം മതപരവും സാമുദായികവും രാഷ്ട്രീയവുമായ പിന്‍ബലമുള്ള ഒരു ന്യൂനപക്ഷത്തെ സമ്പന്നരാക്കി. ഈ പിന്‍ബലമില്ലാത്ത ദലിതര്‍ , ദലിത് ക്രൈസ്തവര്‍ , പിന്നാക്കക്കാര്‍ , വിശ്വകര്‍മ്മജര്‍ , ധീവരര്‍ , മതന്യൂനപക്ഷങ്ങള്‍ , സവര്‍ണ്ണരിലെ ചെറിയൊരു വിഭാഗം ദരിദ്രരും എല്ലാ സമുദായങ്ങലിലെയും സ്ത്രീകള്‍ സാമൂഹ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരായി. സമീപകാലത്തായി കേരളത്തിലും രാജ്യവ്യാപകമായും മതന്യൂനപക്ഷങ്ങള്‍ വിശിഷ്യാ മുസ്ളീങ്ങള്‍ , 'ദേശവിരുദ്ധത'യുടേയും 'തീവ്രവാദ'ത്തിന്റേയും പേരില്‍ വേട്ടയാടപ്പെടുന്നു. ഭൂമിക്കും സാമൂഹിക അവകാശങ്ങള്‍ക്കും വേണ്ടി സമരം ചെയ്യുന്ന ദലിതരും ആദിവാസികളും ഇത്തരത്തില്‍ തീവ്രവാദ മുദ്രകുത്തി അപരന്മാരാക്കപ്പെടുന്നു. അതേ സമയം ഹിന്ദുത്വത്തിന്റെ പേരില്‍ നടക്കുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളും വര്‍ഗീയ കലാപങ്ങളും മൂടിവെക്കപ്പെടുന്നു.
ജാതിഭേദവും മത വിദ്വേഷവും തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളില്‍ ഒരു ഭാഗത്ത് ചില സംഘടനകള്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇത്തരം ശ്രമങ്ങളെ പ്രതിരോധിക്കാനും നവോത്ഥാനത്തിന്റെ കരുത്തും ഓജസും കേരളീയ സമൂഹത്തില്‍ പുനഃസ്ഥാപിക്കാനും ബിഷപ്പ് പൌലോസ് മാര്‍ പൌലോസ്, ഫാദര്‍ എസ് കാപ്പന്‍ , സ്വാമി ആനന്ദതീര്‍ത്ഥന്‍ , വൈക്കം മുഹമ്മദ് ബഷീര്‍ , ടി. എച്ച്. പി. ചെന്താരശ്ശേരി, കോവിലന്‍ , കമലാ സുരയ്യ, കല്ലറ സുകുമാരന്‍ എന്നിവരുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും സഹായകമായി. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ കേവലം സാമൂഹ്യപരിഷ്ക്കരണങ്ങളായി വിലയിരുത്തപ്പെട്ടു. വര്‍ഗ രാഷ്ട്രീയത്തിന്റെയും ദേശീയവാദത്തിന്റെയും ഹിന്ദുരാഷ്ട്രവാദത്തിന്റെയും ആശയാധിപത്യം മൂലം ഈ മുന്നേറ്റങ്ങളുടെ സ്വാഭാവിക രാഷ്ട്രീയവല്‍ക്കരണം തടയപ്പെട്ടു. തല്‍ഫലമായി കേരളത്തിന്റെ സാമൂഹ്യാവസ്ഥക്ക് അനുയോജ്യമായ സാമൂഹികരാഷ്ട്രീയ മുന്നേറ്റമുല്പായിട്ടില്ലെന്നതാണ് വസ്തുത.
നാടിനെ മുന്നോട്ടു നയിക്കേണ്ട സാമുദായിക-രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ആന്തരിക ജീര്‍ണ്ണതകളും പ്രതിലോമ നിലപാടുകളും കൊണ്ട് ജനങ്ങള്‍ക്കു ഭാരമായി മാറിയിരിക്കുന്നു. സാമൂഹിക ജീവിതത്തെ ചലനാത്മകമാക്കുന്ന ജനവിഭാഗങ്ങള്‍ക്കു മാത്രമേ പുതിയ ജനാധിപത്യ മുന്നേറ്റങ്ങളും പുതിയ സാമൂഹിക ക്രമവും സൃഷ്ടിക്കാന്‍ കഴിയൂ. കേരളത്തിന്റെ സാമൂഹിക രാഷ്ട്രീയ മണ്ഡലത്തെ നവീനമായ ജീവിത ബോധത്താലും ജ്ഞാനത്താലും പുനര്‍നിര്‍മിക്കാന്‍ കഴിയുന്ന ശക്തികള്‍ വര്‍ത്തമാനകാലത്ത് തങ്ങളുടെ ശക്തമായ സാന്നിധ്യം വിളിച്ചറിയിക്കുന്നുണ്ട്. ആദിവാസികള്‍ , ദലിതര്‍ , മത ന്യൂനപക്ഷങ്ങള്‍ , പിന്നാക്ക വിഭാഗങ്ങള്‍ , തീരദേശ ജനത, സ്തീകള്‍ , അന്യ സംസ്ഥാന തൊഴിലാളികള്‍ , മിശ്ര വിവാഹിതര്‍ , ലൈംഗിക ന്യൂനപക്ഷങ്ങള്‍ , ഇതര ജനാധിപത്യ ശക്തികള്‍ എന്നിവര്‍ ഈ ഉണര്‍വിനെയാണു പ്രതിനിധീകരിക്കുന്നത്. വ്യത്യസ്ത സാമൂഹിക വിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുകള്‍ സൃഷ്ടിക്കുന്ന നിക്ഷിപ്ത താല്‍പര്യങ്ങളെ മറികടക്കാന്‍ , സമൂഹത്തിലെ ആത്മീയവും ഭൌതികവുമായ ഉണര്‍വ്വുകളെ ഉള്‍ക്കൊള്ളുന്ന ഒരു സാഹോദര്യ പ്രസ്ഥാനം അനിവാര്യമായിരിക്കുന്നു. കേരളത്തില്‍ മാത്രമല്ല, ദേശീയതലത്തിലും ശ്രീലങ്കയിലും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളിലും നടന്ന വംശീയ കൂട്ടക്കൊലകളുടെ മുഖ്യ കാരണങ്ങളിലൊന്ന് സാഹോദര്യത്തിന്റെ അഭാവമാണ്. ഈജിപ്തും ടുണീഷ്യയും അടക്കമുള്ള അറബ് രാജ്യങ്ങളില്‍ ഏകാധിപത്യത്തിനും പാശ്ചാത്യ വന്‍ശക്തി താല്‍പര്യങ്ങള്‍ക്കുമെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ജനാധിപത്യത്തിനും സാഹോദര്യത്തിനും സാര്‍വദേശീയമായ അര്‍ത്ഥം നല്‍കുന്നുണ്ട്. ഈ സാഹചര്യത്തില്‍ വ്യത്യസ്ത സാമൂഹിക വിഭാഗങ്ങളുടെ ജനാധിപത്യ കൂട്ടായ്മയെന്ന നിലയില്‍ കേരളത്തില്‍ രൂപം കൊള്ളുന്ന സാഹോദര്യ പ്രസ്ഥാനത്തിന്റെ പ്രഖ്യാപന സമ്മേളനത്തിലേക്ക് താങ്കളുടെ സാന്നിധ്യം വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
സ്വാഗത സംഘത്തിനു വേണ്ടി,
അഡ്വ. കെ എസ് മധുസൂദനന്‍ (ചെയര്‍മാന്‍ ), സണ്ണി എം കപിക്കാട് (ജനറല്‍ കണ്‍വീനര്‍ ). പി കെ അബ്ദുല്‍ റസാഖ് (വൈസ് ചെയര്‍മാന്‍ ), എം ആര്‍ സുദേഷ്, കെഎസ് അബ്ദുല്‍ കരീം, ടിഎന്‍ സന്തോഷ്, കെ ഡി മാര്‍ട്ടിന്‍ , പിപി സന്തോഷ് (കണ്‍വീനര്‍മാര്‍ ).
No comments:
Post a Comment